380 ഐഡി കാര്‍ഡുകള്‍, പോലിസ് യൂനിഫോം; പോലിസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി കര്‍ണാടകയില്‍ പിടിയില്‍

Update: 2023-08-21 05:44 GMT
ബംഗളൂരു: പോലിസ് ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ കര്‍ണാടകയില്‍ പിടികൂടി. മംഗളൂരുവിലെ ഒരു കോളജില്‍ നഴ്‌സിങിന് പഠിക്കുന്ന ബെനഡിക്ട് സാബു എന്ന 25 കാരനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ ഓഫിസര്‍, കാര്‍ഷിക ക്ഷേമ വകുപ്പ് ജീവനക്കാരന്‍, പോലിസ് തുടങ്ങി വിവിധ ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളില്‍ നിന്ന് 380 വ്യാജ ഐഡി കാര്‍ഡുകള്‍, പോലിസ് യൂനിഫോം, ഷൂ, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി മംഗളൂരു പോലിസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സിറ്റി പോലിസ് കമ്മീഷണര്‍ കുല്‍ദീപ് ജെയിനിന്റെ നേതൃത്വത്തില്‍ ഡിസിപിമാരായ അന്‍ഷു കുമാര്‍, ദിനേശ് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മംഗളൂരു സെന്‍ട്രല്‍ സബ് ഡിവിഷന്‍ എസിപി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഉര്‍വ പോലിസ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News