കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനമായി. ഇത് കോഴിക്കോട്-ബെംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാവും. ഗോവ-മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയതായി എം കെ രാഘവന്‍ എംപി അറിയിച്ചു. നിലവില്‍ കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് പോവുന്ന ട്രെയിന്‍ ആണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്. രാത്രി 9.35ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍ വഴി പിറ്റേന്ന് ഉച്ചക്ക് 12.40ന് കോഴിക്കോട്ട് എത്തും. തിരിച്ച് മൂന്നരക്ക് കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ബെംഗളൂരുവിലേക്ക് പോവും. രാവിലെ 6.35ന് ബെംഗളൂരുവിലെത്തും. മംഗളൂരു-ഗോവ വന്ദേ ഭാരതും ഈ രീതിയില്‍ കോഴിക്കോട്ടേക്ക് നീട്ടാനാണ് ശ്രമം.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണുമെന്ന് കോഴിക്കോട് എംപി എംകെ രാഘവന്‍ അറിയിച്ചു. കഴിഞ്ഞ തവണ 12 മെമു സര്‍വീസ് കേരളത്തിന് അനുവദിച്ചിരുന്നു. പതിനൊന്നും തിരുവനന്തപുരം ഡിവിഷനിലാണ് സര്‍വീസ് നടത്തുന്നത്. പാലക്കാട് ഡിവിഷന് ഒരു സര്‍വീസാണ് കിട്ടിയത്. കൂടുതല്‍ മെമു സര്‍വീസിന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചാല്‍ മലബാറിലെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും. കരിപ്പൂരിലലെ ഹജ്ജ് യാത്രാ നിരക്ക് സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.