ബെംഗളൂരു: കൊലക്കേസില്‍ കന്നഡ ചലച്ചിത്ര താരം ദര്‍ശനു പിന്നാലെ നടിയും ഇയാളുടെ സുഹൃത്തുമായ പവിത്ര ഗൗഡയെയും പോലിസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെ ബെംഗളൂരുവിലെ കാമാക്ഷിപാളയത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ഫാം ഹൗസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓവുചാലില്‍ തള്ളുകയായിരുന്നു. കേസില്‍ ദര്‍ശനെ ഇന്നു രാവിലെ മൈസൂരുവിലെ ഫാംഹൗസില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ബെംഗളൂരു ലോക്കല്‍ പോലിസ് ഒമ്പതുപേരെ ചോദ്യം ചെയ്തതില്‍നിന്നാണ് ദര്‍ശനെയും പവിത്ര ഗൗഡയെയും കുറിച്ച് വിവരം ലഭിച്ചത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ സാമ്പത്തിക പ്രശ്‌നം കാരണം രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് മൂന്ന് പേര്‍ കീഴടങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് നടീനടന്‍മാരിലേക്കെത്തിയത്.