ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസ്: മലയാളികളും പ്രതികള്‍

കേസില്‍ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം നടത്തുന്നത്.

Update: 2022-08-19 14:15 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ രണ്ട് മലയാളികളും പ്രതികള്‍. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ അഞ്ചാം പ്രതിയും തെലങ്കാനയില്‍ സ്ഥിരതാമസമാക്കിയ അരുണ്‍ രാമചന്ദ്രന്‍പിള്ള 14-ാം പ്രതിയുമാണ്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.

കേസില്‍ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് സിബിഐ അന്വേഷണം നടത്തുന്നത്. മദ്യ ലൈസന്‍സ് അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നു എന്നും ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനികള്‍ക്ക് നിയമവിരുദ്ധമായി ലെസന്‍സ് അനുവദിച്ചു എന്നതുമാണ് കേസ്. ഇതുവഴി ഖജനാവിന് നഷ്ടമുണ്ടായതായും സിബിഐയുടെ എഫ്‌ഐആറില്‍ പറയുന്നു.

ഇന്ന് രാവിലെ മനീഷ് സിസോദിയയുടെ വസതി ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പുതിയ നയത്തിന് പിന്നില്‍ വിജയ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലെന്ന് എഫ്‌ഐആറില്‍ പറയുന്നു. ചില കമ്പനികളുടെ ലൈസന്‍സിന് അരുണ്‍ ഇടനില നിന്നെന്നും സിബിഐ ആരോപിക്കുന്നു.

എന്നാല്‍ ആരോപണം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിഷേധിച്ചു. മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. മദ്യ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സിസോദിയയുടെ അടുത്ത അനുയായികള്‍ കോടികള്‍ കമ്മീഷനായി കൈപ്പറ്റിയതായും സിബിഐ ആരോപിക്കുന്നു.

Similar News