മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലെത്തി; ഷൂട്ടിങ് പൂര്‍ത്തിയാവുന്നതോടെ നാട്ടിലേക്ക് മടങ്ങും
ഷിംലയില്‍ രണ്ട് ദിവസത്തെ ഷൂട്ടിങ് ശേഷിക്കുന്നതായും അത് പൂര്‍ത്തിയാവുന്നതോടെ ഷിംലയില്‍ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.
ഷിംല: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലെത്തി. ഇന്ന് വൈകീട്ടോടെയാണ് സംഘം സുരക്ഷാ സേനയുടെ നിരീക്ഷണത്തില്‍ മണാലിയിലെത്തിയത്. ഷിംലയില്‍ രണ്ട് ദിവസത്തെ ഷൂട്ടിങ് ശേഷിക്കുന്നതായും അത് പൂര്‍ത്തിയാവുന്നതോടെ ഷിംലയില്‍ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് മണാലിലെത്തിയത്.സനല്‍ കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായാണ് സംഘം
ഹിമാചലിലെത്തിയത്.ചിത്രീകരണത്തിന്റെ ഭാഗമായി മൂന്നാഴ്ച മുമ്പാണ് ഇവിടെയെത്തിയത്. നാല് ദിവസം മുന്‍പാണ് ഷിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഛത്രുവെന്ന ഗ്രാമത്തില്‍ ഷൂട്ടിങിനായി എത്തിയത്.
ഇവരെത്തി രണ്ടു ദിവസങ്ങള്‍ക്കു ശേഷം മഴ ശക്തിപ്പെടുകയും തുടര്‍ന്ന് ശക്തമായ മണ്ണിടിച്ചിലുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി. ഒടുവില്‍ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യര്‍ സഹോദരനുമായി ബന്ധപ്പെടുന്നത്. അടിയന്ത സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളി.
സംഘത്തിനൊപ്പം രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. സിനിമാസംഘത്തിലെ 30 പേര്‍ക്ക് പുറമേ, ഇരുന്നൂറോളം വിനോദസഞ്ചാരികളും ഇവരോടൊപ്പം മേഖലയില്‍ കുടുങ്ങിയിരുന്നു.
ഇതേത്തുടര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തിലിടപെടുകയും ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയുമായിരുന്നു.