ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി തുര്‍ക്കിയില്‍
പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഔദ്യോഗിക ചടങ്ങുകളോടെ കിരീടാവകാശിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വീകരിച്ചു.
ആങ്കറ: തുര്‍ക്കിയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച തലസ്ഥാനമായ അങ്കാറയിലെത്തി. പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഔദ്യോഗിക ചടങ്ങുകളോടെ കിരീടാവകാശിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വീകരിച്ചു.
ഔദ്യോഗിക അത്താഴവിരുന്നിന് മുന്നോടിയായി ഇരു നേതാക്കളും ഒറ്റയ്ക്കും പ്രതിനിധി യോഗങ്ങളും നടത്തും. രാജകുമാരന്റെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഉര്‍ദുഗാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ അവസാനത്തില്‍, ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉര്‍ദുഗാന്‍ സൗദി അറേബ്യയില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയിരുന്നു.
സന്ദര്‍ശന വേളയില്‍ ഉര്‍ദുഗാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ അന്താരാഷ്ട്ര, പ്രാദേശിക, ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
സൗദി അറേബ്യ സന്ദര്‍ശനത്തിന് ശേഷം തുര്‍ക്കിയിലേക്ക് മടങ്ങുമ്പോള്‍, തുര്‍ക്കിയും സൗദി അറേബ്യയും മേഖലയുടെ പൊതു താല്‍പ്പര്യങ്ങള്‍ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരാന്‍ തീരുമാനിച്ചതായി ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.