മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍;ഇന്ന് മണാലിയിലേക്ക് മടങ്ങില്ല

ഷൂട്ടിങ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Update: 2019-08-20 16:46 GMT

ഷിംല: കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. ഷൂട്ടിങ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാംപായ കോക്‌സാറില്‍ എത്തിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, രക്ഷപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിങ് തുടരണമെന്ന് സിനിമാ സംഘം ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചത്. ഇവര്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും ഉറപ്പ് വരുത്തിയിട്ടുണ്ട്. സുരക്ഷ സേനയ്‌ക്കൊപ്പം ഇവര്‍ 22 കി.മി ദൂരത്തുള്ള കൊക്‌സാറിലെ ബേസ് ക്യാമ്പിലേക്ക് നാളെയായിരിക്കും പോവുക. കോക്‌സാറിലേക്ക് പോകാനുള്ള വഴി സജ്ജമായെന്ന് മുരളിധരന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുമ്പാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇവര്‍ ഹിമാചല്‍ പ്രദേശിലെത്തിയത്. ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്താണ് ഷൂട്ടിങ്.സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. ദിവസങ്ങളായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ഇരുപതിലേറെ പേര്‍ മരണപ്പെട്ടു. അഞ്ഞൂറോളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

Tags:    

Similar News