വൈത്തിരിക്കു പിന്നാലെ ദുരൂഹത ഉയര്‍ത്തി പടിഞ്ഞാറത്തറ മാവോവാദി വേട്ട

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡില്‍ ബാണാസുര മലയോടു ചേര്‍ന്ന പന്തിപ്പൊയില്‍ വളാരം കുന്നില്‍ കൊയ്ത്തു പാറ കോളനിക്കു സമീപം പുലര്‍ച്ചെയാണ് സംഭവം. തണ്ടര്‍ ബോര്‍ട്ടിന്റെ പട്രോളിങിനിടെ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തുവെന്നാണ് പോലിസ് ഭാഷ്യം.

Update: 2020-11-03 06:42 GMT

പി സി അബ്ദുല്ല

കല്‍പറ്റ: ഒന്നര വര്‍ഷം മുന്‍പ് വൈത്തിരിയില്‍ മാവോവാദി പ്രവര്‍ത്തകന്‍ പോലിസ് വെടിയേറ്റു മരിച്ചതിലെ ദുരൂഹതകള്‍ നിലനില്‍ക്കെ വയനാട്ടില്‍ വീണ്ടും സമാനമായ മാവോവാദി വേട്ട. വയനാട് പടിഞ്ഞാറത്തറയില്‍ ഇന്നു പുലര്‍ച്ചെ മാവോവാദി പ്രവര്‍ത്തകന്‍ പോലിസ് വെടിയേറ്റു മരിച്ച സംഭവത്തിലും സംശയങ്ങള്‍ ഉയരുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡില്‍ ബാണാസുര മലയോടു ചേര്‍ന്ന പന്തിപ്പൊയില്‍ വളാരം കുന്നില്‍ കൊയ്ത്തു പാറ കോളനിക്കു സമീപം പുലര്‍ച്ചെയാണ് സംഭവം. തണ്ടര്‍ ബോര്‍ട്ടിന്റെ പട്രോളിങിനിടെ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തുവെന്നാണ് പോലിസ് ഭാഷ്യം. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. അതേസമയം, വ്യാജ ഏറ്റുമുട്ടലാണ് പടിഞ്ഞാറത്തറയില്‍ നടന്നതെന്ന ആരോപണം പല കേന്ദ്രങ്ങളിലും ശക്തമാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടും പോലിസ് വ്യക്തമായ വിവരങ്ങള്‍ പുറത്തു വിടാത്തതും സംശയങ്ങളുയര്‍ത്തുന്നു. പടിഞ്ഞാറത്തറ വെള്ളമുണ്ട പോലിസ് അതിര്‍ത്തി പ്രദേശമാണ്. ബാണാസുര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമാണ്.

സംഭവ സ്ഥലത്തു നിന്നും ഡബ്ള്‍ ബാരല്‍ തോക്ക് കണ്ടെത്തതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടത് പുരുഷനാണ്. മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം. 2019 മാര്‍ച്ചില്‍ വയനാട്ടിലെ ലക്കിടിയില്‍ മാവോദി നേതാവ് സി പി ജലീല്‍ പോലിസ് വെടി വയ്പില്‍ കൊല്ലപ്പെട്ടതിലെ വിവാദം നിലനില്‍ക്കെയാണ് ജില്ലയില്‍ വീണ്ടും ദുരൂഹതകളുയര്‍ത്തുന്ന മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകം. ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വാദം ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് റിപോര്‍ട്ട്.

ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ല എന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. പോലിസ് പരിശോധനയ്ക്ക് അയച്ച തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല. വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പോലിസ് വിശദീകരണം. റിസോര്‍ട്ടിലെത്തിയ മാവോദികള്‍ ഉടമയോടു പണം ആവശ്യപ്പെട്ടെന്നും ഇതു വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസും തണ്ടര്‍ബോള്‍ട്ട് സേനയും മാവോദികളെ നേരിടുകയായിരുന്നുവെന്നുമാണ് പോലിസ് അറിയിച്ചത്.

Tags:    

Similar News