മാവോവാദിയെന്ന പേരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പീഡനം ; യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളി
സംശയാസ്പദമായ നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയെന്നതുകൊണ്ടു ഭരണഘടനാ മൂല്യങ്ങള്‍ ഇല്ലാതാവില്ലെന്നു ഉത്തരവില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചതിലൂടെ നടന്നിട്ടുള്ളത്. ഭരണ ഘടന വ്യക്തിക്ക് നല്‍കുന്ന സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യവും പോലിസ് ഇല്ലാതാക്കി. യുവാവിന്റെ വീട് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി
കൊച്ചി: മാവോ വാദി എന്ന പേരില്‍ കേരള പോലിസിന്റെ തണ്ടര്‍ബോള്‍ട്ട് വിഭാഗം കസ്റ്റഡിയില്‍ പീഡിപ്പിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നഷ്ടപരിഹാര തുകയായ ഒരു ലക്ഷം രൂപയും കോടതി ചെലവിനുള്ള തുകയായി 10000 രൂപയും രണ്ടു മാസത്തിനുള്ളില്‍ ഹരജിക്കാരനു നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ മകന്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് സിംഗിള്‍ ബെഞ്ച് 2015 മെയ് 22ന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നത്.സംശയാസ്പദമായ നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയെന്നതുകൊണ്ടു ഭരണഘടനാ മൂല്യങ്ങള്‍ ഇല്ലാതാവില്ലെന്നു ഉത്തരവില്‍ പറയുന്നു.
ക്രിമിനല്‍ നടപടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചതിലൂടെ നടന്നിട്ടുള്ളത്. ഭരണ ഘടന വ്യക്തിക്ക് നല്‍കുന്ന സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യവും പോലിസ് ഇല്ലാതാക്കി. യുവാവിന്റെ വീട് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി. ഒരു വ്യക്തിയെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.ഹരജിക്കാരനെ കസ്റ്റഡിയിലെടുത്തത് മതിയായ സംശയത്തെ തുടര്‍ന്നാണെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ ബോധിപ്പിച്ചു. ഹരജിക്കാരന്‍ പിടിക്കപ്പെട്ട സ്ഥലം മാവോവാദികളുടെ കേന്ദ്രമറിയപ്പെടുന്ന പ്രദേശമാണ്. പോലിസ് ചെയ്തത് ശരിയായ നിലയിലുള്ള അവരുടെ കര്‍ത്തവ്യം മാത്രമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചു.2014 മെയ് 20നു ശ്യാം ബാലകൃഷ്ണനും ജീവിത പങ്കാളിയുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മഫ്തിയിലെത്തിയ രണ്ടു പോലിസുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനു ശേഷം തണ്ടര്‍ബോര്‍ട്ട് വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി ലാപ്ടോപും ചില പുസ്തകങ്ങളും പിടിച്ചെടുത്തു.