മഞ്ചക്കണ്ടിയില്‍ നിന്നും 'രക്ഷപ്പെട്ട' മാവോവാദി നേതാവ് ദീപക് പിടിയില്‍
ദീപകിനൊപ്പം മറ്റൊരാള്‍ കൂടി പ്രത്യേക സംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്.
കോഴിക്കോട്: മഞ്ചക്കണ്ടിയിലുണ്ടായ 'ഏറ്റുമുട്ടലിനിടെ' രക്ഷപ്പെട്ട മാവോവാദി നേതാവ് ദീപക് എന്ന ചന്ദു പിടിയില്‍. ആനക്കട്ടിയില്‍ വെച്ചാണ് തമിഴ്‌നാട് പ്രത്യേക സേന ദീപകിനെ പിടികൂടിയത്. ദീപകിനൊപ്പം മറ്റൊരാള്‍ കൂടി പ്രത്യേക സംഘത്തിന്റെ പിടിയിലായതായി സൂചനയുണ്ട്. പാലക്കാട് മഞ്ചക്കണ്ടിയില്‍ പോലീസ് മാവോവാദികളായ നാലു പേരെ വെടിവച്ച് കൊന്നിരുന്നു. മാവോവാദി നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിനിടെ മാവോവാദി സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് അറിയിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്നാണ് പോലിസ് വാദം. ദീപക് എകെ47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടിരുന്നു. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാലു പേര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയുധ പരിശീലനം നേടിയിട്ടുണ്ടെന്ന് പോലിസ് അവകാശപ്പെടുന്നു.