മാവോവാദി നേതാവ് മുരളി കണ്ണമ്പള്ളി ജയില്‍ മോചിതനായി
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന മുരളിക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
പുനെ: മാവോവാദി നേതാവും റെവല്യൂഷണറി ഇന്റര്‍നാഷനല്‍ മൂവ്‌മെന്റ് മുഖപത്രം 'എ വേള്‍ഡ് ടു വിന്‍' എഡിറ്ററുമായ മുരളി കണ്ണമ്പള്ളി(66)ജയില്‍ മോചിതനായി. നാലു വര്‍ഷമായി പുനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. എറണാകുളം ഇരമ്പനം സ്വദേശിയായ ഇദ്ദേഹം അജിത് എന്ന പേരിലാണ് മാവോവാദി വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്ന മുരളിക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ പൂനെ പോലിസ് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ സുപ്രിംകോടതി തള്ളിയെങ്കിലും മോചനം വൈകി. ഇതിനെതിരേ കഴിഞ്ഞയാഴ്ച പുനെ സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി വീണ്ടും ഇടപെടുകയായിരുന്നു. ഹൃദ്രോഗിയായ മുരളിക്ക് ചികില്‍സ പോലും നല്‍കാതെ ജയിലിലടയ്ക്കുന്നതിനെതിരേ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. നോം ചോംസ്‌കി, പ്രഭാത് പട്‌നായിക്, ജൂഡിത്ത് ബട്ട്‌ലര്‍ തുടങ്ങിയ പ്രമുഖര്‍ ചികില്‍സ ഉറപ്പാക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.