ഒരു മാസത്തിലേറെയായി കൊള്ളക്കാരുടെ പിടിയിലായിരുന്ന ബംഗ്ലാദേശ് കപ്പൽ മോചിപ്പിച്ചു

Update: 2024-04-16 05:34 GMT

മൊഗാദിഷു: സോമാലിയന്‍ തീരത്ത് ഒരു മാസത്തിലേറെയായി കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ചരക്ക് കപ്പലും ജീവനക്കാരെയും മോചിപ്പിച്ചതായി യൂറോപ്യന്‍ യൂണിയന്റെ സമുദ്ര സുരക്ഷാ സേന തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ കടല്‍കൊള്ളക്കാരെ തടയുന്നതിനും കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമായി യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സംവിധാനമാണ് ഓപറേഷന്‍ അറ്റ്‌ലാന്റ.

ബംഗ്ലാദേശ് പതാക ഘടിപ്പിച്ച കാര്‍ഗോ കപ്പലായ എംവി അബ്ദുല്ലയിലെ 23 ജീവനക്കാരെയും കപ്പലും 32 ദിവസത്തിനു ശേഷമാണ് മോചിപ്പിക്കുന്നത്. എന്നാല്‍, ഏത് സാഹചര്യത്തിലാണ് കപ്പല്‍ വിട്ടയച്ചതെന്ന് വ്യക്തമല്ല.

സോമാലിയയുടെ തീരദേശ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് ഏകദേശം 1,100 കിലോമീറ്റര്‍ കിഴക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് മാര്‍ച്ച് 12നാണ് കടല്‍ കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുക്കുന്നത്. മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ നിന്ന് യുഎഇയിലെ ഹംരിയയിലേക്ക് പോകുന്നതിനിടെ ഇരുപതോളം സായുധ അക്രമികള്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ചാറ്റോഗ്രാം ആസ്ഥാനമായുള്ള കബീര്‍ സ്റ്റീല്‍ ആന്‍ഡ് റീറോളിംഗ് മില്‍ ഗ്രൂപ്പിന്റെ സഹോദര കമ്പനിയായ എസ്ആര്‍ ഷിപ്പിംഗ് ലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കമ്പനി മീഡിയ ഉപദേഷ്ടാവ് മിസാനുല്‍ ഇസ്ലാം ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News