മരട്: ഫ്‌ലാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

Update: 2019-10-16 01:41 GMT

കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മരടിലെ ഫ്‌ലാറ്റ് നിര്‍മാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ പി ഇ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തി. ഇവരെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ മരട് പഞ്ചായത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതിലാണ് ഇത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

ഫ്‌ലാറ്റുകള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്‌ലാറ്റ് നിര്‍മാണത്തിന് തീരമേഖലാ പരിപാലന നിയമങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയ മരട് പഞ്ചായത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാണു ഹര്‍ജി.

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമര്‍ശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് ആദ്യം അനുമതി നല്‍കിയവര്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം, െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ച ആല്‍ഫ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഹര്‍ജി കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ മാസം 25 വരെ സാവകാശം വേണമെന്ന് പോള്‍ രാജ് ക്രൈംബ്രാഞ്ചിനും കത്ത് നല്‍കി. മരട് ഗ്രാമപ്പഞ്ചായത്തായിരുന്ന കാലത്ത് മുഹമ്മദ് അഷ്‌റഫ് അനുമതി നല്‍കിയ മുഴുവന്‍ നിര്‍മാണ രേഖകളും അന്വേഷണ സംഘം പരിശോധിക്കും.

Tags:    

Similar News