മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരുഭാഗം ഇടിഞ്ഞുവീണു, രണ്ട് ഒഡീഷ സ്വദേശികള്‍ മരിച്ചു
കൊച്ചി: മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഒരുഭാഗം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത് കുമാര്‍ എന്നിവരാണ് മരിച്ചത്. കൊച്ചി ന്യൂക്ലിയസ് മാളിന് സമീപം പഴയ വീട് പൊളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നുവീഴുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.
പൊളിക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അരമണിക്കൂറിലേറെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഉടനെ ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.