കളമശ്ശേരി മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ക്ക് പരിക്ക്
കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ വിവരം പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നിര്‍മാണത്തൊഴിലാളികളായ ധനു ബെഹ് റ, മനു ബെഹ്‌റ, സമീര്‍ ബാല, കിച്ച മുത്തു, സുശാന്ത് എന്നിവര്‍ക്കാണു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടമെന്നാണു സൂചന. എന്നാല്‍, രാത്രി ഒമ്പതോടെയാണ് വിവരം പുറത്തറിഞ്ഞത്. കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ വിവരം പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെ പോര്‍ട്ടിക്കോ 2000 ചതുരശ്ര അടി കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇന്ന് കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് അടര്‍ന്നുവീണത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് അപകടം.