സര്‍/ മാഡം വിളി വിലക്കി മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത്

അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പ്രതിഭ അറിയിച്ചു.

Update: 2021-09-01 13:24 GMT

പാലക്കാട്: മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പ്രതിഭ അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുനപ്പരിശോധിക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.

പഞ്ചായത്തില്‍ എത്തുന്ന ഏതൊരു പൗരനും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയെയോ ജീവനക്കാരേയോ സര്‍ എന്നതിന് പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗിക ഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാം.

ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്ക് സര്‍ വിളി വിലക്കി ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News