പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും; സമാധാന യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് എംബി രാജേഷ്

Update: 2022-04-18 06:44 GMT

പാലക്കാട്: രാഷ്ട്രീയ കൊലപാതരങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും അന്വേഷിച്ചിരുന്നു. സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു'. എംബി രാജേഷ് വ്യക്തമാക്കി.

Full View

രാഷ്ട്രീയ കൊലപാതരങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സ്പീക്കര്‍ എംബി രാജേഷ് നേരത്തെ അറിയിച്ചിരുന്നത്. നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന് പ്രോട്ടോകോള്‍ നോക്കേണ്ടതില്ലെന്നും ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം പിന്‍മാറുകയായിരുന്നു.

സര്‍വകക്ഷി സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തിന് അധ്യക്ഷത വഹിക്കുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക.

Tags:    

Similar News