എംബിബിഎസ് വിദ്യാര്‍ഥികളും ഇനി കൊവിഡ് ചികില്‍സയ്ക്ക്; നിര്‍ണായക നീക്കവുമായി കേന്ദ്രം

എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും ഡോക്ടറാവാന്‍ പരിശീലനം തേടിയവരെയും കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

Update: 2021-05-03 12:40 GMT
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലെന്ന പരാതിക്ക് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും ഡോക്ടറാവാന്‍ പരിശീലനം തേടിയവരെയും കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഡോക്ടറാവാന്‍ പരിശീലനം തേടിയവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവസാന വര്‍ഷ എംബിബിഎസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക്് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്‌സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്‌സി, ജനറല്‍ നഴ്‌സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരിക്കും ഇവരുടെ മേല്‍നോട്ട ചുമതല. കൊവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് കൊവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    

Similar News