കണ്ണൂര്‍: കൊവിഡ് കാലത്തെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായി മലബാറില്‍ മെമു സര്‍വീസ് 16 മുതല്‍ ആരംഭിക്കുന്നു. പാലക്കാട്-കണ്ണൂര്‍ പരീക്ഷണ ഓട്ടം വിജയകരമായതോടെയാണ് മെമു സര്‍വീസ് തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതോടെ, കൊവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകളും മറ്റും സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ ഉണ്ടായ യാത്രാ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഓട്ടത്തില്‍ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്യാനെടുക്കുന്ന സമയം, പ്ലാറ്റ് ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം എന്നിവയാണ് പരിശോധിച്ചത്. മെമു സര്‍വീസ് തുടങ്ങുന്നതോടെ എടക്കാട്, വടകര തുടങ്ങിയ സ്‌റ്റേഷനുകളുടെ ഉയരത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരും.
ഇപ്പോള്‍ പാലക്കാട് ഡിവിഷനു കീഴില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍, ഈറോഡ്-പാലക്കാട് ടൗണ്‍, പാലക്കാട് ടൗണ്‍-സേലം, പാലക്കാട് ടൗണ്‍-എറണാകുളം എന്നീ മെമു സര്‍വീസുകളാണുള്ളത്. പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സര്‍വീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തില്‍ 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമുവിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് കുറയുമെന്നതാണ് റെയില്‍വേയെ കൂടുതല്‍ സര്‍വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്‌റ്റേഷനുകളില്‍ പോലും മെമു ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയും. അതിനാല്‍ തന്നെ ഇതു ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടു. ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളില്ലാത്തതും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ കോച്ചുകളില്ലാത്തതും കാരണം വലയുന്ന സ്ഥിരയാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാവും.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള മെമു എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്താനാവും. ജിപിഎസ് സൗകര്യത്തോടെയുള്ള കോച്ചുകളാണ്. എയര്‍ സസ്‌പെന്‍ഷന്‍, ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്‌ലറ്റുകള്‍, കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റ്, സ്ത്രീകളുടെ കോച്ചില്‍ സിസിടിവി എന്നിവ മെമുവിന്റെ പ്രത്യേകതകളാണ്.
06023 നമ്പര്‍ മെമു ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു രാവിലെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും. 06024 നമ്പര്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു വൈകീട്ട് 5.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.55ന് ഷൊര്‍ണൂരിലെത്തും. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കാണ് മുന്‍ഗണന. കോച്ചുകളില്‍ ഭക്ഷണവിതരണം ഉണ്ടായിരിക്കില്ല. ഞായറാഴ്ച സര്‍വീസ് ഉണ്ടായിരിക്കില്ല.
Memu service in Malabar from 16 onwards