മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂര്‍ണം
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂര്‍ണം. മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തികളായ് മാറുകയാണെന്ന് ആരോപിച്ച് ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രതിഷേധം. കണ്ണൂരില്‍ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തില്‍ ഡിഡിഇ ഓഫിസിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം പോലിസുമായി സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി.
മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. പോലിസുകാരെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ഡി ഡി ഇ ഓഫിസിന്റെ ഗേറ്റിനു മുന്നിലേക്ക് ഓടിക്കയറിയത് വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമിടയാക്കി. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലിസ് ബാലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധത്തിനിടെ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താതസമ്മേളനം വിളിച്ച് പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നത് കെ എസ് യു നിരന്തര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ തുടര്‍ച്ചയാണെന്ന് കെ എസ് യു അവകാശപ്പെട്ടു. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, സംസ്ഥാന സമിതി അംഗം ആദര്‍ശ് മാങ്ങാട്ടിടം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്,രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം, ജില്ലാ ഭാരവാഹികളായ ഹര്‍ഷരാജ് സി കെ,ആലേഖ് കാടാച്ചിറ, മുബാസ് സി എച്ച്, അക്ഷയ് മാട്ടൂല്‍, അര്‍ജുന്‍ ചാലാട്,നവനീത് ഷാജി, റിസ് വാന്‍ സി എച്ച്, ശ്രീരാഗ് പുഴാതി, പ്രകീര്‍ത്ത് മുണ്ടേരി നേതൃത്വം നല്‍കി.