പ്ലസ് വണ്‍ സീറ്റ്: സര്‍ക്കാര്‍ നിലപാട് മലപ്പുറത്തോടുള്ള അവഹേളനം: എസ്ഡിപിഐ
ഇത് മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.
മലപ്പുറം : പ്ലസ് വണ്‍ പ്രവേശനത്തിന് വീണ്ടും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് തട്ടിക്കൂട്ട് നാടകങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിലപാട് മലപ്പുറത്തെ അവഹേളിക്കുന്നതാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. പതിനായിരക്കണത്തിന് കുട്ടികള്‍ക്ക് സീറ്റില്ലെന്നത് വ്യക്തമായ യാഥാര്‍ത്യമായി മുന്നിലുള്ളപ്പോഴും ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തെക്കന്‍ ജില്ലകളില്‍ ഒരു ക്ലാസില്‍ 50 കുട്ടികള്‍ ഇരുന്ന് പഠിക്കുമ്പോള്‍ മലപ്പുറത്ത് 65 കൂട്ടികള്‍ പഠിക്കേണ്ട സാഹചര്യമാണ്. എന്നിട്ടും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ല. 8338 പേരാണ് നിലവില്‍ സര്‍ക്കാറിന്റെ കനിവും കാത്തിരിക്കുന്നത്. അതിലേക്കാണ് കേവലം 53 താത്ക്കാലിക ബാച്ചുകള്‍ മാത്രം അനുവദിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന മേനി നടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.
സംസ്ഥാനത്തെ മൊത്തം സീറ്റുകളുടെ എണ്ണം നിരത്തി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യത്തിന് സീറ്റുണ്ടെന്ന് സമര്‍ത്തിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ആദ്യം ശ്രമിച്ചത്. എന്നാല്‍ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ താത്ക്കാലിക ബാച്ചെങ്കിലും അനുവദിക്കുന്നതിലൂടെ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.
ഭരണത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ സമരം ചെയ്യുന്ന മുസ്ലിം ലീഗ് നിലപാട് അവരുടെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയെ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതില്‍ മുസ്ലിം ലീഗിനും അവര്‍ പ്രതിനിധാനം ചെയ്യുന്ന യു.ഡി.എഫിനും പങ്കുണ്ട്.
താത്ക്കാലിക തട്ടിക്കൂട്ട് നാടകങ്ങളല്ല. സ്ഥിരമായ ബാച്ചുകള്‍ അനുവദിച്ച്, ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തും മലപ്പുറത്തിന് സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. ബീരാന്‍ കുട്ടി ജനറല്‍ സെക്രട്ടറിമാരായ അഡ്വ സാദിഖ് നടുത്തൊടി, മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍, ട്രഷറര്‍ കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.