ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയം: മെസ്സി
ടീമില്‍ നിന്ന് വിടപറയുന്നത് ഏതെങ്കിലും കിരീടനേട്ടത്തോടെയാവണമെന്നാണ് തന്റെ ആഗ്രഹം.നിലവില്‍ താന്‍ ഫിറ്റാണെന്നും എന്നാല്‍ 2022ല്‍ തന്റെ ആരോഗ്യ നിലയും ഫോമും എന്താകുമെന്ന് അറിയില്ലെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് അര്‍ജന്റീനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.
ബ്യൂണസ് ഐറിസ്: 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ താന്‍ കളിക്കുമോ എന്ന കാര്യം സംശയമാണെന്ന് അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി. നിലവില്‍ താന്‍ ഫിറ്റാണെന്നും എന്നാല്‍ 2022ല്‍ തന്റെ ആരോഗ്യ നിലയും ഫോമും എന്താകുമെന്ന് അറിയില്ലെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് അര്‍ജന്റീനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞു. ടീമില്‍ നിന്ന് വിടപറയുന്നത് ഏതെങ്കിലും കിരീടനേട്ടത്തോടെയാവണമെന്നാണ് തന്റെ ആഗ്രഹം. ഖത്തര്‍ ലോകകപ്പില്‍ ഇതേ ഫോം തുടരുകയാണെങ്കില്‍ താന്‍ ടീമിനായി കളിക്കും.തന്റെ കഴിവിന്റെ പരമാവധി ടീമിനായി നല്‍കുന്നുണ്ടെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പല കിരീടങ്ങളും കൈവിട്ട് പോകുന്നു. 32 കാരനായ മെസ്സി പറഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നിന്നും അര്‍ജന്റീന പുറത്തായതിനെ തുടര്‍ന്ന് മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ വെനിസ്വലയ്‌ക്കെതിരായ സൗഹൃദമല്‍സരത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അര്‍ജന്റീനയ്ക്കായി നാല് ലോകകപ്പ് കളിച്ച മെസ്സി 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു. 2008ല്‍ അര്‍ജന്റീന ഒളിംപിക് സ്വര്‍ണ്ണം കരസ്ഥമാക്കിയ ടീമില്‍ മെസ്സി ഉള്‍പ്പെട്ടിരുന്നു. 2014 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ അര്‍ജന്റീന 2007, 2015, 2016 കോപ്പാ അമേരിക്ക ഫൈനലിലും പ്രവേശിച്ചിരുന്നു. ഈ മാസം തുടങ്ങുന്ന കോപ്പാ അമേരിക്കയാണ് മെസ്സിയടങ്ങുന്ന അര്‍ജന്റീനന്‍ ടീമിന്റെ അടുത്ത കിരീടമെന്ന പ്രതീക്ഷ.