ആറ് യാത്രക്കാരടങ്ങിയ റഷ്യന്‍ സൈനിക വിമാനം കാണാതായി
വിമാനത്തിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. അതേസമയം, വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
മോസ്‌ക്കോ: ആറ് യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി. ആന്റനോവ് 26 എന്ന വിമാനമാണ് തെക്ക്കിഴക്കന്‍ ഖബറോക്‌സ് പ്രദേശത്തുവെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. അതേസമയം, വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ആശയവിനിമയ ഉപകരണങ്ങളുടെ പരിശോധനയ്ക്ക് വേണ്ടിയാണ് വിമാനം പറന്നത്. പറന്നുയര്‍ന്ന് 38 കിലോമീറ്റര്‍ അകലെവെച്ച് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
അപകടവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയുടെ എംഐ8 ഹെലികോപ്റ്റര്‍ തെരച്ചില്‍ ആരംഭിച്ചു. മേഖലയില്‍ രക്ഷാദൗത്യത്തിനായി 70 അംഗ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചില്‍ വൈകിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
1970-80 കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചതാണ് ചെറു യാത്രാവിമാനമായ ആന്റനോവ് 26. സിവിലിയന്‍ കാര്‍ഗോ, സൈനികര്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിനായാണ് ഈ വിമാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.