ബഫര്‍സോണ്‍ ഭൂപടത്തിനെതിരേ എരുമേലിയിലും പ്രതിഷേധം; വനം വകുപ്പിന്റെ ബോര്‍ഡ് പിഴുതുമാറ്റി

Update: 2022-12-23 05:04 GMT

കോട്ടയം: ബഫര്‍സോണ്‍ വിഷയത്തില്‍ എരുമേലി എയ്ഞ്ചല്‍വാലിയില്‍ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതുതായി പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ജനവാസമേഖലകള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. ഇളക്കിമാറ്റിയ ബോര്‍ഡുമായി റേഞ്ച് ഓഫിസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കൃഷിയിടത്തില്‍വച്ച ബോര്‍ഡാണ് പിഴുതെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബഫര്‍ സോണ്‍ ഭൂപടത്തിനെതിരേ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാവുകയാണ്. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത രീതിയിലാണ് ഭൂപടമെന്ന് കര്‍ഷകര്‍ ആരോപിച്ചു. താമരശ്ശേരിയില്‍ ഇന്ന് മുസ്‌ലിം ലീഗ് ജനരോഷ പ്രഖ്യാപന സമരം നടത്തും. പുതുതായി സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടത്തില്‍ വ്യക്തത ഇല്ലെന്നാണ് കര്‍ഷകരുടെ പരാതി. ഈ ഭൂപടത്തില്‍ സ്വന്തം ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ കോഴിക്കോട്ട് ജില്ലയില്‍ ലീഗും സമര രംഗത്തേക്കിറങ്ങുകയാണ്.

താമരശ്ശേയില്‍ ഇന്ന് നടക്കുന്ന ജനരോഷ പ്രഖ്യാപന സമരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉല്‍ഘാടനം ചെയ്യും. അതേസമയം, ബഫര്‍സോണ്‍ യാഥാര്‍ഥ്യമാണെന്നും ജനങ്ങള്‍ അതിനെ അംഗീകരിക്കണമെന്നും ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കോഴിക്കോട് കൂരാച്ചുണ്ടില്‍ എല്‍ഡിഎഫ് നടത്തിയ ജനകീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജോയ്‌സ് ജോര്‍ജ്. ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവിന്റെ നേതൃത്വത്തിലാണ് ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

Tags:    

Similar News