ബസ് ചാര്‍ജ് വര്‍ധിപ്പിക്കും,സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
പരീക്ഷകള്‍ അടക്കം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു
തിരുവനന്തപുരം:സ്വകാര്യ ബസ് ഉടമകളുടേത് അനാവശ്യ സമരമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ബസ് നിരക്ക് വര്‍ധിപ്പിക്കും.നിരക്ക് വര്‍ധിപ്പിക്കുന്നത് സമരത്തെ തുടര്‍ന്നാണെന്നു വരുത്തി തീര്‍ക്കാനാണ് ഇന്നത്തെ സമരമെന്നും മന്ത്രി പറഞ്ഞു.
അധികം താമസിയാതെ ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്ന് അവര്‍ക്ക് തന്നെ അറിയാം. പരീക്ഷകള്‍ അടക്കം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.ബസ് മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നതടക്കം ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.സമരത്തെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കെഎസ്ആര്‍ടിസി പരമാവധി സര്‍വീസ് നടത്തും. ബസ് ഉടമകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനം വൈകിയിട്ടില്ല.ബസ് ഉടമകള്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് ഇന്ന് ബസ് സമരം പ്രഖ്യാപിച്ചത്.