കണ്ടക്ടര്‍ക്കെതിരേ പോക്‌സോ: ബസ്സുകാരുടെ മിന്നല്‍ പണിമുടക്ക് വെല്ലുവിളിയെന്ന് എസ് ഡിപി ഐ
കണ്ണൂര്‍: ബസ് കണ്ടക്ടറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പ്രധാന റൂട്ടുകളില്‍ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണെന്ന് എസ് ഡിപിഐ ജില്ലാ സെക്രട്ടറി ബി ശംസുദ്ധീന്‍ മൗലവി പ്രസ്താവനയില്‍ പറഞ്ഞു. തലശ്ശേരി-കരിയാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ജീവനക്കാരനെയാണ് വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ഉപദ്രവിച്ചു എന്ന പരാതിയില്‍ പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളക്കേസാണെങ്കില്‍ അതിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വാട്‌സാപ്പില്‍ ആഹ്വാനം ചെയ്ത് മിന്നല്‍ പണിമുടക്ക് നടത്തുകയല്ല വേണ്ടത്. ഒരു ഔദ്യോഗിക തൊഴിലാളി സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നിട്ടും ചില തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കിനിറങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി പ്രതിയെ രക്ഷപ്പെടുത്താനാണോ എന്ന് സംശയിക്കണം. പീഡനക്കേസില്‍ അകപ്പെടുന്നവരെ സംഘടിത ശക്തിയുടെ ബലം കാണിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ കാണണം.
ജില്ലയിലെ പ്രധാന റൂട്ടുകളിലാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. സാധാരണക്കാരയ ആളുകള്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോവാന്‍ ആശ്രയിക്കുന്ന ബസ്സുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയിടുന്നത് ഫലത്തില്‍ ജനങ്ങളെ ബന്ദികളാക്കുന്നതിന് തുല്യമാണ്. നാളെ ബസ്സുടമകള്‍ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും പണിമുടക്കുന്നുണ്ട്. ഇതോടെ തുടര്‍ച്ചയായ രണ്ടു ദിവസമാണ് പൊതുഗതാഗത മേഖല സ്തംഭിക്കാന്‍ ഇടയാവുന്നത്. ജില്ലാ ഭരണകൂടം ഇടപ്പെട്ട് പണിമുടക്ക് പിന്‍വലിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ബി ശംസുദ്ധീന്‍ മൗലവി ആവശ്യപ്പെട്ടു.