'മാലിന്യക്കൂമ്പാരത്തിന് തീപ്പീടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല'; ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് മന്ത്രി എം ബി രാജേഷ്

Update: 2023-03-13 06:51 GMT

തിരുവനന്തപുരം: ബ്രഹ്മ്പുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കൊച്ചിയില്‍ മാലിന്യക്കൂമ്പാരത്തിന് തീപ്പീടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. ലോകമാകെ എപ്പോഴും ഇത് സംഭവിക്കുന്നുണ്ട്. യുഡിഎഫ് ഭരണകാലത്താണ് ബ്രഹ്മപുരത്ത് ഇത്രയധികം മാലിന്യമുണ്ടായതെന്നും രാജേഷ് നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങളെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മാലിന്യത്തിന് തീപ്പിടിച്ചത് ലോകത്തെ ആദ്യസംഭവം എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. തീ ഇല്ലാതെ പുക ഉണ്ടാക്കാനാണ് ചില മാധ്യമവിദഗ്ധരുടെ നീക്കം. പരിഭ്രാന്തരാവേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഡല്‍ഹിയേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും മന്ത്രി പറഞ്ഞു. തീ അണയ്ക്കാന്‍ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ധര്‍ പോലും അംഗീകരിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു. ഇത് ഭരണപക്ഷ- പ്രതിപക്ഷ ഏറ്റുമുട്ടല്‍ വിഷയമല്ല. പരസ്പരം ചളി വാരി എറിയരുത്.

മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തണം എന്നതാണ് ബ്രഹ്മപുരം നല്‍കുന്ന പാഠമെന്ന് പറഞ്ഞ മന്ത്രി, ബ്രഹ്മപുരത്തെ മാലിന്യമല രണ്ട് വര്‍ഷം മുമ്പ് ഉണ്ടായതല്ലെന്നും കുറ്റപ്പെടുത്തി. സീറോ വേസ്റ്റ് നഗരത്തെ ഈ നിലയിലെത്തിച്ചതിന് യുഡിഎഫിനുള്ള പങ്ക് അവര്‍ വിലയിരുത്തണമെന്നും എം ബി രാജേഷ് വിമര്‍ശിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ കരാര്‍ ഏറ്റെടുത്ത കമ്പനിയെയും മന്ത്രി ന്യായീകരിച്ചു.

കടലാസ് കമ്പനിയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ കരാര്‍ ഏറ്റെടുത്തതെന്ന് വന്‍ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍, ഈ പ്രചാരണം വസ്തുതാവിരുദ്ധമാണ്. കമ്പനിക്കെതിരായ പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഗെയില്‍ ഈ കമ്പനിയില്‍ ഓഹരി പങ്കാളിയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്നായിരുന്നു ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെ പ്രതിപക്ഷം നിയമസഭയില്‍ വിശേഷിപ്പിച്ചത്.

Tags:    

Similar News