മുംബൈയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് മുസ്‌ലിം പണ്ഡിതന് ക്രൂരമര്‍ദ്ദനം

മിരാ റോഡിലെ മൗലാനാ സറഫാത് ഹുസൈന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. 26കാരനായ അബ്ദുള്‍ റസാഖ് സോളങ്കിയാണ് പ്രതി.

Update: 2022-01-10 09:42 GMT
മുംബൈ: ദുര്‍മന്ത്രവാദം ആരോപിച്ച് മുംബൈയില്‍ 53കാരനായ മുസ്‌ലിം മതപണ്ഡിതന് ക്രൂര മര്‍ദ്ദനം. കല്ലുകൊണ്ടുള്ള അടിയേറ്റ് വലതു കണ്ണ് നഷ്ടപ്പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

തലയില്‍ 42 തുന്നികെട്ടുകളുണ്ട്. മിരാ റോഡിലെ മൗലാനാ സറഫാത് ഹുസൈന്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. 26കാരനായ അബ്ദുള്‍ റസാഖ് സോളങ്കിയാണ് പ്രതി.നയാ നഗറിലെ ദാറൂല്‍ ഉലൂം മദ്രസാ അധ്യാപകനാണ് മൗലാനാ സറഫാത് ഹുസൈന്‍ ഖാന്‍.

സറഫാത് ഹുസൈന്‍ ഖാന്‍ ദുര്‍മന്ത്രവാദം നടത്തിയത് മൂലം തന്റെ പിതാവിന് ബിസിനസില്‍ കനത്ത നഷ്ടമുണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ രാത്രി 10ഓടെയാണ് പ്രതി ഇയാളെ ആക്രമിച്ചത്. ഉമര്‍ മസ്ജിദിനു സമീപം വച്ച് പ്രതി കല്ലുകൊണ്ട് തുടരെ തുടരെ തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് റോഡില്‍ വീണ സറഫാത് ഹുസൈന്‍ ഖാനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം തന്‍വര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഖാനെ പിന്നീട് ഭക്തിവേദാന്ത ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ പ്രതിയെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു.

മൗലാനയെ കൊല്ലാനായിരുന്നു ഉദ്ദേശമെന്ന് പ്രതി സോളങ്കി പോലിസിനോട് പറഞ്ഞു. ലോക്ഡൗണില്‍ ഇയാളുടെ പിതാവിന് റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തില്‍ കനത്ത നഷ്ടം നേരിട്ടു. മൗലാന മന്ത്രവാദം ചെയ്തതാണ് ഇതിന് കാരണമെന്നാണ് സോളങ്കി വിശ്വസിച്ചിരുന്നത്.

മൗലാനയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതായും തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഐസിയുവില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം, തന്റെ പിതാവ് ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് മൗലാനയുടെ മകന്‍ ജുബിയുള്ള ഹുസൈന്‍ ഖാന്‍ പറഞ്ഞു. പിതാവ് പഠിപ്പിക്കുന്ന മദ്രസയില്‍ സോളങ്കി പതിവായി വരാറുണ്ടായിരുന്നു. പെട്ടെന്നാണ് ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നതും പിതാവിന് നേരെ ശത്രുതയുണ്ടായതും. ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജുബിയുള്ള ഹുസൈന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News