പൊങ്കാലക്കല്ല് മോഷ്ടിച്ചെന്നത് വ്യാജപ്രചാരണം; മേയറുടെ പരാതിയില്‍ പോലിസ് കേസെടുത്തു
തിരുവനന്തപുരം: പൊങ്കാലക്കല്ല് മോഷ്ടിച്ചെന്ന വ്യാജപ്രചാരണത്തില്‍ പോലിസ് കേസെടുത്തു. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്തത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്ലുകള്‍ സ്വകാര്യവ്യക്തികള്‍ കടത്തിയതായി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.
എന്നാല്‍, ഈ വീഡിയോ വ്യാജമാണെന്ന് പോലിസ് പറഞ്ഞു. പൊങ്കാലയ്ക്കുവേണ്ടി ഒരു കോണ്‍ട്രാക്ടര്‍ കല്ല് നല്‍കിയിരുന്നു. ചടങ്ങിന് ശേഷം ഇയാള്‍ കല്ലുകള്‍ തിരികെ കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങളാണ് മോഷ്ടിക്കുന്നതെന്ന തരത്തില്‍ പ്രചരിക്കുന്നതെന്നും പോലിസ് അറിയിച്ചു. മ്യൂഡിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് വഞ്ചിയൂര്‍ പോലിസിന് കൈമാറും.