ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രം
ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല
ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവു രീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.
രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിയിക്കും. വൈകീട്ട് 3.40ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം. രാത്രി 7.30ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.
ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തില്‍ നിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.