ആറ്റുകാല്‍ പൊങ്കാല: അത്യാഹിതങ്ങളില്‍ ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍
ആംബുലന്‍സുകളുടെ വിന്യാസം നിയന്ത്രിക്കാന്‍ ആറ്റുകാല്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ 108 ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നാളെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മെഡിക്കല്‍ അത്യാഹിതങ്ങളില്‍ ആദ്യം ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ സജീവം. പൊങ്കാലയോട് അനുബന്ധിച്ച് വിന്യസിച്ച പതിനാല് 108 ആംബുലന്‍സുകളുടെയും അഞ്ച് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകളുടെയും ഫ്‌ളാഗ് ഓഫ് ആറ്റുകാലില്‍ വെച്ച് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.
ആംബുലന്‍സുകളുടെ വിന്യാസം നിയന്ത്രിക്കാന്‍ ആറ്റുകാല്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ 108 ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റേഡിയോ അമച്വര്‍ സൊസൈറ്റി ഓഫ് അനന്തപുരിയുടെ ആഭിമുഖ്യത്തില്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ആംബുലന്‍സുകളുടെ വിന്യാസവും നിയന്ത്രണവും നടത്തുന്നത്. അത്യാഹിത സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് ആദ്യം സമീപത്തുള്ള ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ക്ക് കൈമാറും.
കനിവ് 108 ആംബുലന്‍സ് സര്‍വീസിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ഒരു ഹാം റേഡിയോ ഓപ്പറേറ്ററുമാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറില്‍ ഉണ്ടാകുക. സംഭവ സ്ഥലത്തെത്തി രോഗിയെ പരിശോധിച്ച് ഇവര്‍ പ്രഥമ ശുശ്രൂക്ഷ നല്‍കും. ആവശ്യമെങ്കില്‍ മാത്രം രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇവര്‍ ആംബുലന്‍സിലേക്ക് സന്ദേശം കൈമാറും. ആറ്റുകാല്‍, തമ്പാനൂര്‍, കിള്ളിപ്പാലം, കരമന, മണക്കാട് ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, കമലേശ്വരം ജംഗ്ഷന്‍, കാലടി, പവര്‍ ഹൗസ് റോഡ്, കൊഞ്ചിറവിള, കല്ലുരമൂട്, ബൈപാസ്, മണക്കാട് വലിയപള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ 108 ബേസിക്ക് ലൈഫ് ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ കീഴിലായിരിക്കും 5 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ വിന്യസിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്തില്‍ സജ്ജമാക്കിയ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ, സിദ്ധ-യുനാനി എന്നീ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ആറ്റുകാലില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമും മന്ത്രി സന്ദര്‍ശിച്ചു.
ഭക്ഷ്യ സുരക്ഷ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പോലീസ്, നഗരസഭ മറ്റ് ഇതര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. അന്നദാനത്തിനു മുന്‍പും പിന്‍പും പരിസര ശുചിത്വം പാലിക്കേണ്ടതാണ്. ആഹാരം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്. അന്നദാനം നടത്തുന്ന സ്ഥലത്ത് നടത്തുന്ന വ്യക്തി ഉണ്ടായിരിക്കേണ്ടതും ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അവിടെ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.