എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി

Update: 2024-03-28 17:15 GMT
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി രാജേഷ് ഡിജിപിക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി. റസാഖ് പടിയൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് എം വി ഗോവിന്ദന്റെ ചിത്രവും പാര്‍ട്ടി ചിഹ്നവും ചേര്‍ത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. 'ഇപ്പോ എന്തായ്ക്ക് മാപ്ലാവുകളെ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ ലഹള സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപ്രചാരണമെന്ന് പരാതിയില്‍ പറയുന്നു. മുസ്‌ലിംകളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കാനും സിപിഎമ്മിനെതിരേ വര്‍ഗീയവിദ്വേഷം ഉണ്ടാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്. പ്രസ്തുത പോസ്റ്റ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും തിരഞ്ഞെടുപ്പിലെ സജീവപ്രവര്‍ത്തകനുമാണ് ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെന്നും പരാതിയില്‍ പറയുന്നുണ്ട്. കെ സുധാകരന്റെ അറിവോടെയാകാം ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരുന്നുവെന്നും പെരുമാറ്റ ചട്ടലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാര്‍ഥിക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Tags:    

Similar News