കണ്ണൂര്‍ ജയിലില്‍ വീണ്ടും റെയ്ഡ്; കുഴിച്ചിട്ട 6 ഫോണുകള്‍ പിടിച്ചെടുത്തു
ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് ആറ് ഫോണുകള്‍ കണ്ടെടുത്തത്. ഇതോടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. പവര്‍ബാങ്കുകള്‍,ഇയര്‍ഫോണുകള്‍,കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ജയിലിലെ 10 ബ്ലോക്കുകളിലും ജയില്‍ വളപ്പിലുമാണ് രാവിലെയും വൈകിട്ടും പരിശോധന. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2,5,6,7 ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്.
ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാല് ദിവസം മുമ്പ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് നാല് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ജയിലില്‍ ഫോണ്‍ ലഭ്യമായതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണ്‍ ആരുടേതാണ്, ആരാണ് ജയിലിലേക്ക് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പോലിസാണ് അന്വേഷിക്കുന്നത്.