ഇസ്രായേലിന്റെ ക്രൂരതകളില്‍നിന്ന് ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കണം; യുഎന്നിനോട് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ

Update: 2022-02-02 15:44 GMT

റാമല്ല: ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളില്‍നിന്ന് ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യം ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ ഉന്നയിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇശ്തയ്യ. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കണം. അന്താരാഷ്ട്ര, പലസ്തീന്‍, ഇസ്രായേലി സര്‍ക്കാരിതര മനുഷ്യാവകാശ സംഘടനകളുടെ എല്ലാ റിപോര്‍ട്ടുകളും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ അധികാരികളുടെ നടപടിക്കെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ അന്താരാഷ്ട്രനിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് നടത്തിവരുന്നത്. ഇതില്‍നിന്ന് ഫലസ്തീനികളെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ ഇസ്രായേലിനെതിരേ എല്ലാ പ്രമുഖ മനുഷ്യാവകാശ സംഘടനകളും ഹാജരാക്കിയ ശക്തമായ തെളിവുകള്‍ പരിശോധിക്കാന്‍ യുഎന്‍ ബാധ്യസ്ഥരാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

മനുഷ്യരാശിക്കെതിരേ ഇസ്രായേല്‍ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) പ്രോസിക്യൂട്ടര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഫലസ്തീനികളുടെ പക്കലുണ്ടായിരുന്ന വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഇസ്രായേല്‍ പിടിച്ചടക്കിയത് മുതലാണ് ഫലസ്തീനികള്‍ക്കെതിരേ കൂട്ടക്കുരുതി ആരംഭിച്ചത്.

Tags:    

Similar News