മങ്കി പോക്‌സ്:പുതിയ രോഗമല്ല,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തില്‍ ആദ്യ കേസ് റിപോര്‍ട്ട് ചെയ്യുന്നതിന് മുന്നേ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി:രാജ്യത്ത് വര്‍ധിച്ച് വരുന്ന മങ്കിപോക്‌സ് രോഗബാധയില്‍ ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.മങ്കി പോക്‌സ് ഒരു പുതിയ രോഗമല്ലെന്നും,അണുബാധ പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ കാംപയിന്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പൊതുജന അവബോധം വളരെ അനിവാര്യമാണെന്നും,വേണ്ട മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മസൂഖ് മണ്ഡവ്യ വ്യക്തമാക്കി.കേരളത്തില്‍ ആദ്യ കേസ് റിപോര്‍ട്ട് ചെയ്യുന്നതിന് മുന്നേ തന്നെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു.സംസ്ഥാങ്ങള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നുവെന്നും രാജ്യസഭയില്‍ ആരോഗ്യ മന്ത്രി പറഞ്ഞു.ലോകത്ത് മങ്കി പോക്‌സ് റിപോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.
യാത്രക്കാരുടെ സ്‌ക്രീനിങ് റിപോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് അയക്കണമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ 12-13 ദിവസം ക്വാറന്റൈന്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.നിരന്തരമായ ജാഗ്രതയോടെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മങ്കി പോക്‌സ് ഒരു പുതിയ രോഗമല്ലെന്നും,1970 മുതല്‍ ആഫ്രിക്കയില്‍ നിന്ന് ലോകത്ത് ധാരാളം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.ഇന്ത്യയിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മങ്കി പോക്‌സിന്റെ ആഘാതം തടയാന്‍ ഒരു വാക്‌സിന്‍ ലഭ്യമാക്കാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വസൂരിക്ക് കാരണമാകുന്ന വൈറസുകളുടെ അതേ കുടുംബത്തില്‍ പെടുന്ന മങ്കിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. പടിഞ്ഞാറന്‍, മധ്യ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ഈ രോഗം പ്രാദേശികമാണ്.എന്നാല്‍ ഈയിടെയായി,ഇതര രാജ്യങ്ങളില്‍ നിന്നും ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു.