പുരാവസ്തു തട്ടിപ്പുകേസ്: ഡിഐജി എസ് സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്തു; നാളെ ഹാജരാവില്ലെന്ന് കെ സുധാകരന്‍

Update: 2023-08-17 15:54 GMT

കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിഐജി എസ് സുരേന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് സുരേന്ദ്രന്‍ ഇഡിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ഇടപാടിലെ കള്ളപ്പണ കേസിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇഡിയെ അറിയിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കിയേക്കുമെന്നതിനാലാണ് ഹാജരാവാത്തതെന്നാണ് സൂചന. അതേസമയം, ഈമാസം 22ന് ഹാജരാകാമെന്നാണ് സുധാകരന്‍ ഇഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്.

    അതിനിടെ, കേസില്‍ മുന്‍ ഐജി ജി ലക്ഷ്മണാണ് മുഖ്യ ആസൂത്രകനെന്നാണ് ക്രൈംബ്രാഞ്ച് ആരോപണം. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ ഗൂഢാലോചന കുറ്റം ചുമത്തുകയും ചെയ്തു. ഐജി അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിനു ഹാജരാവാത്തതെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

Tags:    

Similar News