ചൈനയില്‍ ചുഴലിക്കൊടുങ്കാറ്റില്‍ ആറുമരണം; 190 പേര്‍ക്ക് പരിക്ക്
വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 5:15 ഓടെയായിരുന്നു കാലാവസ്ഥാ വ്യതിയാനമുണ്ടായത്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
ബെയ്ജിങ്: ചൈനയിലുണ്ടായ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറുപേര്‍ മരിച്ചു. 190 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 5:15 ഓടെയായിരുന്നു കാലാവസ്ഥാ വ്യതിയാനമുണ്ടായത്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കും ജനലുകള്‍ക്കും ചുഴലിക്കാറ്റില്‍ നാശമുണ്ടായി.
പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് കാറുകളുടെ മുകളില്‍ പതിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 210 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 1,600 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പോലിസും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെ 800 രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളത്. ഏറെ നാശംവിതച്ച 15 മിനിറ്റ് നേരമാണ് ചുഴലിക്കൊടുങ്കാറ്റിന്റെ തീവ്രത നീണ്ടുനിന്നതെന്ന് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥന്‍ ജിം ആന്‍ഡ്രൂസ് പറഞ്ഞു. ഇതിന് മുമ്പും ഈ മേഖലയില്‍ ചുഴലിക്കൊടുങ്കാറ്റുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.