വെള്ളക്കരം, വാഹന, ഭൂമി രജിസ്‌ട്രേഷന്‍; ഇന്ന് മുതല്‍ നികുതി ഭാരം കൂടും

Update: 2022-04-01 01:45 GMT

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില വര്‍ധിച്ചു. അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടിയിലേറെ വര്‍ധനവാണ് നിലവില്‍ വന്നത്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമാണ് അടിസ്ഥാന ഭൂനികുതി. ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവാണ് നടപ്പായത്. ഇതുവഴി 200 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരുലക്ഷം രൂപ വിലയ്ക്ക് രജിസ്‌ട്രേഷന്‍ ചെലവില്‍ മാത്രം 1000 രൂപയുടെ വര്‍ധനയാണ് വരുന്നത്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടി. പാരാസെറ്റാമോള്‍ ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്. മൊത്ത വിലയില്‍ രാജ്യത്ത് 10 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബ ബജറ്റിന്റെ താളംതെറ്റും.

ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിനുള്ള ഫീസും വര്‍ധിച്ചു. പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു. ഇതിനു പുറമെ കൂട്ടിയ വെള്ളക്കരം പ്രാബല്യത്തില്‍ വന്നു. അഞ്ചുശതമാനമാണ് വര്‍ധന. പ്രതിമാസം 5000 മുതല്‍ 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 35 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് കൂടുതല്‍ ബാധ്യത.

1000 ലിറ്ററിന് 4 രൂപ 20 പൈസ നല്‍കിയിരുന്നയിടത്ത് ഇനി 4 രൂപ 41 പൈസ നല്‍കണം. 1000 മുതല്‍ 5000 ലിറ്റര്‍ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയില്‍ നിന്ന് 22 രൂപ 05 പൈസയാവും. ഇതിനെല്ലാം പുറമെയാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധന വിലവര്‍ധനവും ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടിയതും അധിക നികുതിയും കൂടി വരുമ്പോഴേയ്ക്കും ജനജീവിതം താറുമാറാവും.

Tags:    

Similar News