കൊറോണ ലോക്ക് ഡൗണ്‍: ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് മോസ്‌കോ; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് പ്രതിപക്ഷം
തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തടയിടാനാണ് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു പറഞ്ഞു.
മോസ്‌കോ: കൊറോണ വൈറസിനെതിരായ ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ.എന്നാല്‍, സാങ്കേതികവിദ്യ സ്വകാര്യതയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
റഷ്യയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമാണ് തസ്ഥാനമായ മോസ്‌കോ. രാജ്യത്ത് ആകെ രേഖപ്പെടുത്തിയ 18,328 കൊവിഡ് 19 കേസുകളില്‍ 11,513 ഉം തലസ്ഥാനത്താണ്.നേരത്തേ, ദിനംപ്രതി 500 ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഇപ്പോഴത് 1300 ആയി ഉയര്‍ന്നതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തടയിടാനാണ് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് സോബിയാനിന്‍ പറഞ്ഞു.
താമസസ്ഥലത്ത് നിന്നു പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്ന 14 വയസ്സോ അതിനു മുകളിലോ ഉള്ള മോസ്‌കോയിലേയും മോസ്‌കോ റീജ്യണിലേയും നിവാസികള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ തങ്ങളുടെ റൂട്ടും ആവശ്യവും മുന്‍കൂട്ടി പ്രഖ്യാപിക്കണം. തുടര്‍ന്ന് അധികൃതര്‍ പരിശോധിച്ച് ക്യുആര്‍ കോഡ് നല്‍കും. ഈ ക്യുആര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രമേ വരുംദിവസങ്ങളില്‍ യാത്ര ചെയ്യാനാവു.
ഈ നടപടി തുടക്കത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ. എന്നാല്‍, സമീപ പ്രദേശങ്ങളിലെ ഹൃസ്വ യാത്രകള്‍ക്കും ക്രമേണ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു. പോലിസ് ഈ കോഡുകള്‍ പരിശോധനയ്ക്കുവിധേയമാക്കുകയും പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കും മനപ്പൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയെ പുതിയ സാങ്കേതിക വിദ്യകളുടെ ഒരു പരീക്ഷണ കേന്ദ്രമായി സര്‍ക്കാര്‍ ഇതിനകം ഉപയോഗിച്ച്് വരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുഖം തിരിച്ചറിയുന്ന ഉപകരണങ്ങളും ഇതിനകം പല സര്‍ക്കാരുകളും ഉപയോഗിച്ച് വരികയാണ്. അതേസമയം, പുതിയ സംവിധാനം സ്വകാര്യതയിലേക്കുള്ള സര്‍ക്കാര്‍ നുഴഞ്ഞുകയറ്റത്തിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.