യുക്രെയ്ന്‍, ഇറാന്‍ ആണവക്കരാര്‍: ഖത്തര്‍ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്

വാതക ഉല്‍പ്പാദനത്തില്‍ യുഎസിന്റെ സഖ്യകക്ഷിയായ ഖത്തറിന്റെ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Update: 2022-03-14 10:17 GMT

ദോഹ: ഇറാന്‍ ആണവ ചര്‍ച്ച, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി മോസ്‌കോയിലേക്ക് പോകുമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

വാതക ഉല്‍പ്പാദനത്തില്‍ യുഎസിന്റെ സഖ്യകക്ഷിയായ ഖത്തറിന്റെ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2015 ലെ ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ വിയന്നയില്‍ 11 മാസമായി നടന്നുവരുന്ന ചര്‍ച്ചകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇറാനുമായി കരാര്‍ ഒപ്പുവെക്കാന്‍ വന്‍ശക്തി രാജ്യങ്ങളായ ബ്രിട്ടന്‍, ചൈന, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഏറെക്കുറെ ധാരണയില്‍ എത്തിയതായിരുന്നു.

എന്നാല്‍, തങ്ങള്‍ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ഉപരോധം ഇറാനുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന ഉറപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതികരിച്ചു. യുക്രെയ്ന്‍ യുദ്ധ ഉപരോധവുമായി ഇറാന്‍ ആണവ കരാറിനെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും വ്യക്തമാക്കി. ഇതോടെയാണ് തല്‍ക്കാലം ചര്‍ച്ച നിര്‍ത്തിവെക്കാനുള്ള തീരുമാനം.

ശെയ്ഖ് മുഹമ്മദ് ശനിയാഴ്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ എന്നിവരുമായി പ്രത്യേക ഫോണ്‍ കോളുകളില്‍ ആണവ ചര്‍ച്ചകള്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

നവംബറില്‍ വിയന്നയില്‍ ആരംഭിച്ച ഇറാന്‍ ആണവ ചര്‍ച്ചയാണ് വീണ്ടും അലസിയത്. കരാര്‍ ഒപ്പുവെച്ചാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയിലെത്തുന്നത് വില പിടിച്ചു നിര്‍ത്താന്‍ സഹായകമാകുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും.

എന്നാല്‍, യുക്രെയ്ന്‍ യുദ്ധ സാഹചര്യത്തില്‍ വിപണിയിലേക്ക് ഇറാന്‍ എണ്ണയെത്തുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് റഷ്യ തിരിച്ചറിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യുെ്രെകന്‍ യുദ്ധം അവസാനിക്കാതെ ഇറാന്‍ ആണവ കരാര്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ സാധ്യത മങ്ങിയിരിക്കുകയാണ്.

Tags:    

Similar News