ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്ത് ഖത്തര്‍. നോര്‍വേ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കിയതിനെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തത്. മേഖലയിലെ സുസ്ഥിരതയ്ക്കും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നതിനും സമാധാനം കൈവരിക്കാനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ വ്യക്തമാക്കി.
കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ആശ്രയിച്ചാണ് മേഖലയില്‍ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഗസ മുനമ്പിലെ യുദ്ധം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മേഖലയില്‍ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ വശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.