ഗസക്കാരെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാടിനെതിരേ ഖത്തര്‍; ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഖത്തര്‍ വിദേശകാര്യവക്താവ്

Update: 2025-01-28 15:16 GMT
ഗസക്കാരെ കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാടിനെതിരേ ഖത്തര്‍; ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഖത്തര്‍ വിദേശകാര്യവക്താവ്

ദോഹ: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ ഖത്തര്‍. ദ്വിരാഷ്ട്രപരിഹാരമാണ് വേണ്ടതെന്ന മുന്‍ നിലപാട് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി ആവര്‍ത്തിച്ചു.

''ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കേണ്ടതിനെ കുറിച്ചും ദ്വിരാഷ്ട്ര പരിഹാരമാണ് മുന്നോട്ടുള്ള ഏകമാര്‍ഗമെന്നതിനെ കുറിച്ചും ഞങ്ങളുടെ നിലപാട് എല്ലായ്‌പ്പോഴും വ്യക്തമാണ്.''- മജീദ് അല്‍ അന്‍സാരി പറഞ്ഞു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളം ഖത്തറിലാണ് ഉള്ളതെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. ട്രംപ് ഭരണകൂടവുമായും അദ്ദേഹത്തിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫുമായും ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. ഫലസ്തീന്‍ വിഷയം അടക്കമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല. പക്ഷെ, ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു.

1993ല്‍ ഇസ്രായേലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഒപ്പിട്ട ഓസ്‌ലോ കരാറിന്റെ ഭാഗമായാണ് ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുല വരുന്നത്. ജൂതന്‍മാര്‍ക്ക് ഇസ്രായേലും ഫലസ്തീനികള്‍ക്ക് ഫലസ്തീനും വിഭാവനം ചെയ്യുന്ന കരാറാണിത്. ഇതാണ് ഫലസ്തീന്‍ അതോറിറ്റി രൂപീകരിക്കാന്‍ കാരണമായത്. ഇത് പ്രകാരം 1967ലെ അതിര്‍ത്തികളായിരിക്കും പ്രാബല്യത്തിലുണ്ടാവേണ്ടത്.

Tags:    

Similar News