തബ്‌ലീഗിനെതിരായ നീക്കം ആശങ്കാജനകം; അര്‍ഷദ് മദനി സൗദി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിനെതിരായി സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്ന്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാന സയ്യിദ് അര്‍ഷദ് മദനി, ഇന്ത്യയിലെ സൗദി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച സൗദി അറേബ്യയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് വലിയ ആശങ്കയുണ്ടാക്കിയതായി സയ്യിദ് അര്‍ഷദ് മദനി സൗദി അംബാസഡര്‍ സഊദ് മുഹമ്മദ് ബിന്‍ സാതിയോട് പറഞ്ഞു.തബ് ലീഗ് ജമാഅത്ത് സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. തബ് ലീഗ് ജമാഅത്ത് ദയൂബന്ദി ചിന്താധാരയുമായി ബന്ധപ്പെട്ടതായതിനാല്‍ ദാറുല്‍ഉലൂം ദേവ് ബന്ദും ജംഇയ്യത്ത് ഉലമ ഏ ഹിന്ദും ഈ പ്രസ്താവനയില്‍ ആശങ്കപ്പെടുന്നുണ്ട്. മൗലാനാ സൗദി അംബാസഡറെ ബോധ്യപ്പെടുത്തി.
സൗദിയിലെ തബ്‌ലീഗ് ജമാഅത്തിന്റെ നിലപാടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, അതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുമില്ല. എന്നിരുന്നാലും, ഈ സമയത്ത് തബ്ലീഗി ജമാഅത്തിനെതിരെ ഇസ്‌ലാമിക കാര്യ മന്ത്രാലയം ഉന്നയിക്കുന്ന ആരോപണം തബ്ലീഗി ജമാഅത്തിന് മാത്രമല്ല, എല്ലാ മുസ്ലിംകള്‍ക്കും പ്രത്യേകിച്ച് ഇസ്‌ലാമിക ചിട്ടയനുസരിച്ച് ജീവിക്കുന്നവര്‍ക്കും വളരെ വേദനാജനകമാണ്.
ഞങ്ങളുടെ പരാതികളും വികാരങ്ങളും ബഹുമാനപ്പെട്ട സൗദി അംബാസഡര്‍ മുഖേന ഇസ്‌ലാമിക കാര്യ മന്ത്രിയെ അറിയിക്കാനും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഫലമായി മുസ്‌ലിംകള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളും മോശമായ പ്രത്യാഘാതങ്ങളും അദ്ദേഹത്തെ അറിയിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. വളരെ നല്ല അന്തരീക്ഷത്തില്‍ അംബാസഡര്‍ എന്റെ കത്ത് വായിക്കുകയും ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഇക്കാര്യത്തില്‍ ഏറ്റവും മികച്ച നിലയിലുള്ള ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ കത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തില്‍ എത്തുമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ അവിടെ നിന്ന് മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡര്‍ പറഞ്ഞു.
'അംബാസഡറുടെ നല്ല പെരുമാറ്റത്തിനും സഹകരണത്തിനും ഞാന്‍ വളരെ നന്ദിയുള്ളവനാണ്, അദ്ദേഹം ഞങ്ങളുടെ ഏറ്റവും മികച്ച വക്താവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സംഭാഷണവും എഴുത്തും കാരണമായി നല്ല ഫലങ്ങള്‍ പുറത്തു വരും'. മൗലാനാ സയ്യിദ് അര്‍ശദ് മദനി പ്രത്യാശ പ്രകടിപ്പിച്ചു.