വിദേശ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് മതപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തനത്തിനും വിലക്ക്; ഇനി പ്രത്യേക അനുമതി വേണം

ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ഒ) നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

Update: 2021-03-06 09:38 GMT

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ഒ) നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ വിദേശ നയതന്ത്ര ഓഫിസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫിസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഒസിഐ കാര്‍ഡുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ വന്നുപോകുന്നതിനു തടസ്സമുണ്ടാകില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫിസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല.

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലയില്‍ ഏര്‍പ്പെടാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ ഇടയാക്കുമെന്ന് മാധ്യമ നിരീക്ഷകര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം മൂന്നു മാസത്തിനകം പ്രാബല്യത്തില്‍വരുമെന്നാണ് കരുതുന്നത്.

അതേസമയം, ഒസിഐ കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫിസിലോ മേഖലാ ഓഫിസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍, സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒസിഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ. അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും.

കഴിഞ്ഞ വര്‍ഷം കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ വിസാ ചട്ടം ലംഘിച്ചെന്നാരോപിച്ച് ഡല്‍ഹിയിലെ തബ്‌ലീഗ് ആസ്ഥാനത്തുനിന്ന് 233 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഭൂരിപക്ഷം പേരെയും രാജ്യത്തെ വിവിധ കോടതികള്‍ വെറുതെവിട്ടിരുന്നു.

Tags:    

Similar News