മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് എന്ന ഗ്രന്ഥം സംസ്ഥാനത്ത് നിരോധിക്കാന്‍ ശുപാര്‍ശ
ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ടെന്നും പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചത്.
തിരുവനന്തപുരം: ജിഹാദിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന 15ാം നൂറ്റാണ്ടിലെ സിറിയന്‍ ഇസ്‌ലാമിക പണ്ഡിതന്‍ അഹ്മദ് ഇബ്രാഹിം മുഹമ്മദ് ദിമശ്ഖി അല്‍ ദുംയാതി എന്ന ഇബ്‌നു നുഹാസിന്റെ മശാരിഉല്‍ അശ്‌വാഖ് ഇലാ മസ്വാരിഇല്‍ ഉശ്ശാഖ് വ മുസീറുല്‍ ഗറാം ഇലാ ദാറിസ്സലാം എന്ന ഗ്രന്ഥം സംസ്ഥാനത്ത് നിരോധിക്കാന്‍ നീക്കം. ദേശവിരുദ്ധവും തീവ്ര മതമൗലികവാദവും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പുസ്തകത്തിലുണ്ടെന്നും പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചത്.
പുസ്തകത്തില്‍ നിയമലംഘന ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പിആര്‍ഡി ഡയറക്ടര്‍ കണ്‍വീനറായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഐഎസിന്റെ ആശയപ്രചാരണത്തിന് ഈ പുസ്തകം ഉപയോഗിക്കുന്നതായും സര്‍ക്കാര്‍ കരുതുന്നു.
ജിഹാദിന്റെ ശ്രേഷ്ഠതകള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. രക്തസാക്ഷിത്വം, ജിഹാദിന്റെ ചരിത്രം, ധൈര്യം തുടങ്ങി 17 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ബൈസന്റൈന്‍ സേനയുമായുള്ള യുദ്ധത്തില്‍ 1411ലാണ് ഇബ്‌നു നുഹാസ് രക്തസാക്ഷിത്വം വരിച്ചത്.
പുസ്തകം ബര്‍മിങ്ഹാമിലെ മക്തബ ബുക്ക് സെല്ലേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുസ്തകം ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യവുമാണ്. ദമസ്‌കസില്‍ ജനിച്ച ഇബ്‌നു നുഹാസ് പിന്നീട് ഈജിപ്തിലേക്ക് ചേക്കേറുകയായിരുന്നു.