സിഎഎ, എന്‍ആര്‍സി പൂര്‍ണമായി റദ്ദാക്കുന്നത് വരെ പിന്നോട്ടില്ല: ദാറുല്‍ ഉലൂം ദയൂബന്ദ് വിസി

സിഎഎയും എന്‍ആര്‍എസിയും രാജ്യത്തേയും സമുദായത്തേയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. അത് പൂര്‍ണമായി റദ്ദാക്കുന്നത് വരെ സമാധാനപരായ പോരാട്ടം തുടരുമെന്ന് ദാറൂല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സലര്‍ അബുല്‍ ഖാസിം നുഅമാനി പറഞ്ഞു.

Update: 2020-02-08 17:17 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദാറൂല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സലര്‍ അബുല്‍ ഖാസിം നുഅമാനി. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാനുള്ള പദ്ധതി ഇപ്പോഴില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ തങ്ങള്‍ തൃപ്തരല്ല. സിഎഎയും എന്‍ആര്‍എസിയും രാജ്യത്തേയും സമുദായത്തേയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ സിഎഎയും എന്‍ആര്‍സിയും പൂര്‍ണമായി റദ്ദാക്കുന്നത് വരെ സമാധാനപരായ പോരാട്ടം തുടരുമെന്ന് നുഅമാനി പ്രസ്താവനയില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് ദാറുല്‍ ഉലൂം ദയൂബന്ദ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനും അതിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതിനുമാണ്. ഒരിഞ്ച് പിന്നോട്ടില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ എന്‍ആര്‍സിയെ സംബന്ധിച്ച നിലപാട് മയപ്പെടുത്തിയത് പ്രക്ഷോഭങ്ങളുടെ ഫലമാണ്. ഈ സമരം അതിന്റെ അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ അവസാനിപ്പിക്കില്ല എന്നതില്‍ സംശയമില്ല.

സമരങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ പറയുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വാസ്തവത്തില്‍ ദയൂബന്ദ് നഗരത്തിലെ സമാധാനം സംബന്ധിച്ച് ജില്ലാ ഭരണകൂടം നടത്തിയ യോഗത്തിലെ വീഡിയോ ക്ലിപ്പാണ്. അതില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ദാറൂല്‍ ഉലൂം അഭ്യര്‍ഥിക്കുന്നുവെന്ന തെറ്റായ ധാരണ പരത്തി. ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും തെറ്റായ പ്രചരണവുമാണെന്ന് നുഅമാനി പറഞ്ഞു.

എന്റെ അഭിപ്രായം തെറ്റായി വളച്ചൊടിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ദാറുല്‍ ഉലൂം ദയൂബന്ദ് ഒരു ആഹ്വാനവും നടത്തിയിട്ടില്ല. സമരം വിജയകിരീടം അണിയും എന്ന പ്രാര്‍ത്ഥനയോടെയാണ് അബുല്‍ ഖാസിം നുഅമാനി പ്രസ്താവന അവസാനിപ്പിച്ചത്.

Tags:    

Similar News