നവരാത്രി ചടങ്ങിന്റെ പേരിലും 'ബുള്‍ഡോസര്‍രാജ്'; മധ്യപ്രദേശില്‍ മൂന്നുപേരുടെ വീടുകള്‍ പൊളിച്ചു (വീഡിയോ)

Update: 2022-10-05 03:27 GMT

ഭോപാല്‍: മധ്യപ്രദേശില്‍ നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്നാരോപിച്ച് മൂന്നുപേരുടെ വീടുകള്‍ പൊളിച്ചു. അനധികൃതമായാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്തത്. സംഘപരിവാര്‍ ഭരണകൂടത്തിന് അനഭിമതരായവരുടെ നിരവധി വീടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ പൊളിച്ചുനീക്കിയത്. നവരാത്രി ഗര്‍ബ പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് പിടികൂടിയവരില്‍ ചിലരുടെ വീടുകളിലണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. മന്ത്‌സൗര്‍ ജില്ലാ അധികൃതരും പോലിസും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

വീട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലടക്കം പ്രചരിക്കുന്നുണ്ട്. കേസില്‍ മുഖ്യപ്രതിയാക്കപ്പെട്ട സല്‍മാന്‍ ഖാന്റെയടക്കമുള്ള വീടുകളാണ് ചൊവ്വാഴ്ച തകര്‍ക്കപ്പെട്ടത്. 'വീടുകള്‍ അനധികൃതമായി നിര്‍മിക്കപ്പെട്ടതിനാല്‍ തങ്ങള്‍ തകര്‍ക്കുകയായിരുന്നു. പ്രതികളുടെ സ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചുവരികയാണ്. തുടര്‍നടപടികള്‍ സ്വീകരിക്കും'- മന്ത്‌സൗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സന്ദീപ് ശിവ പറഞ്ഞു.


11 പേരാണ് ഈ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മന്തസൗറിലെ സീതമൗ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കലാപമുണ്ടാക്കാനും കൊലപാതകശ്രമത്തിനും ശ്രമിച്ചുവെന്ന് കാണിച്ച് സുര്‍ജാനി ഗ്രാമത്തിലെ 19 പേരെയാണ് പ്രാഥമിക കുറ്റപത്രത്തില്‍ പ്രതികളാക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് കുറ്റപത്രം രജിസ്റ്റര്‍ ചെയ്തത്. അവര്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് മന്തസൗര്‍ സൂപ്രണ്ട് ഓഫ് പോലിസ് അനുരാഗ് സുജാനിയ പറയുന്നത്.


ശനിയാഴ്ച സീതമാവ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സുര്‍ജാനി ഗ്രാമത്തില്‍ നവരാത്രി ഗര്‍ബ നടക്കുന്ന പന്തലില്‍ സല്‍മാന്‍ ഖാന്‍ ബൈക്കിടിച്ചുവെന്നും തുടര്‍ന്ന് സംഘാടകനായ ശിവ്‌ലാല്‍ പാട്ടിദാര്‍ ഇയാളുടെ പിതാവിനോട് പരാതി പറയുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച വീണ്ടുമെത്തിയ സല്‍മാനും സംഘവും ശിവ്‌ലാലിനെയും മറ്റു സംഘാടകരെയും മര്‍ദ്ദിച്ചെന്നും മഹേഷെന്ന ഗ്രാമീണന്റെ തലയ്ക്കിടിച്ചുവെന്നുമൊണ് ആരോപണം.

പിന്നീടിവര്‍ പന്തലിലേക്ക് കല്ലെറിഞ്ഞെന്നും ചിലര്‍ക്ക് പരിക്കേറ്റെന്നും പോലിസ് പറയുന്നു. ഇതോടെ പോലിസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. മഹേഷിന്റെയും ശിവ്‌ലാലിന്റെയും നില ഗുരുതരമാണെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും സമാധാനം നിലനിര്‍ത്താന്‍ ഗ്രാമത്തില്‍ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News