സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎയുടെയും ഇഡിയുടെയും അന്യായ റെയ്ഡ്

Update: 2022-09-22 01:13 GMT

കോഴിക്കോട്: സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളുടെ അന്യായ റെയ്ഡ്. ദേശീയ, സംസ്ഥാന നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തെയും തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയാ തങ്ങളെയും കസ്റ്റഡിയിലെടുത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, കരമന അശ്‌റഫ് മൗലവി, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍ഐഎയുടെ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫിസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി മാനന്തവാടിയിലെ പോപുലര്‍ ഫ്രണ്ട് ആസ്ഥാനത്തും എന്‍ഐഎ പരിശോധന നടന്നു. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തെ കേന്ദ്രത്തിലാണ് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ പരിശോധന ആരംഭിച്ചത്.

നാല്‍പ്പതോളം വരുന്ന സിആര്‍പിഎഫ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്. ജില്ലയില്‍ മാനന്തവാടിയില്‍ മാത്രമാണ് പരിശോധന നടക്കുന്നത്. പരിശോധന നടപടികള്‍ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ അറിയിച്ചു. കേന്ദ്ര ഏജന്‍സികളുടെ ഭരണകൂട വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News