ഭാര്യയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട്; യുവാവിനെതിരേ കേസ്
വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയില്‍ നിന്ന് അകന്നുകഴിയാനാണ് യുവാവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ലാബില്‍ വിളിച്ച് ചോദിച്ചതോടെയാണ് കള്ളംപൊളിഞ്ഞത്.
ഭോപ്പാല്‍: ഭാര്യയില്‍ നിന്ന് അകന്നിരിക്കാന്‍ വ്യാജ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് തയ്യാറാക്കിയ 26കാരനെതിരെ കേസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയില്‍ നിന്ന് അകന്നുകഴിയാനാണ് യുവാവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ലാബില്‍ വിളിച്ച് ചോദിച്ചതോടെയാണ് കള്ളംപൊളിഞ്ഞത്.
ഫെബ്രുവരിയിലായിരുന്നു യുവാവിന്റെ വിവാഹം. വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയുമായി അകന്നുകഴിയാനാണ് വ്യാജ പരിശോധനാഫലം ഉണ്ടാക്കിയത്. മറ്റൊരാളുടെ പരിശോധനാഫലം സ്വകാര്യ ലാബിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം കൃത്രിമം കാണിക്കുകയായിരുന്നു ഇയാള്‍. പെന്‍സില്‍ ഉപയോഗിച്ച് പേരില്‍ മാറ്റം വരുത്തിയാണ് കൃത്രിമം കാണിച്ചതെന്ന് പോലിസ് പറയുന്നു.
വ്യാജ കൊവിഡ് പോസിറ്റിവ് റിപോര്‍ട്ട് വാട്‌സ് ആപ്പ് വഴി 26കാരന്‍ അച്ഛനും ഭാര്യയ്ക്കും അയച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് കാണാതായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ലാബില്‍ വിളിച്ചു ചോദിക്കുകയായിരുന്നു. കൊവിഡിന്റേതായ ഒരു ലക്ഷണവും യുവാവ് പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് വീട്ടുകാരുടെ സംശയം ഇരട്ടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ലാബിന്റെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി യുവാവിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.