'മിസ്റ്റര്‍ ഇന്ത്യ' ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച് മരിച്ചു; വിറങ്ങലിച്ച് കായിക ലോകം
കൊവിഡ് ബാധിതനായ ഇദ്ദേഹം നാല് ദിവസമായി ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്.
ബറോഡ: പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ കിരീട ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ ഇദ്ദേഹം നാല് ദിവസമായി ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്. ബറോഡ സ്വദേശിയാണ് ഇദ്ദേഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നവി മുംബൈയിലേക്ക് മാറിയിരുന്നു, അവിടെ ഒരു പ്രാദേശിക ജിം നടത്തിവരികയായിരുന്നു. സാംഗ്ലി ജില്ലയിലെ കുണ്ടാല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു അദ്ദേഹം.
മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. നിരവധി രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജഗദീഷിന്റെ വിയോഗം തീരാനഷ്ടമാണെന്ന് കായികരംഗത്തെ പ്രമുഖര്‍ അങ്ങേയറ്റം സങ്കടത്തോടെ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുഹൃത്തും ട്രെയ്‌നറുമായ രാഹുല്‍ ട്രിഹാന്‍ മരണവാര്‍ത്തയോട് പ്രതികരിച്ചത്.
'അദ്ദേഹം നാലു വര്‍ഷം മുമ്പാണ് ബോഡി ബില്‍ഡിങ് ഉപേക്ഷിച്ചത്. ലോക്ക് ഡൗണ്‍ കാരണം സാമ്പത്തികമായി പ്രയാസത്തിലായിരുന്നു. ലാഡിനും മറ്റൊരു ബോഡി ബില്‍ഡറുമായ ലഖാനും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശരിയായ ചികില്‍സ ലഭിച്ചില്ല'-അന്താരാഷ്ട്ര ബോഡി ബില്‍ഡറായ സമീര്‍ ദബില്‍ക്കാര്‍ പറഞ്ഞു.